തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലെ കോതപറമ്പിൽ അതിപ്രശസ്തമായ അരയംപറമ്പ് തറവാട്ടിൽ ശ്രീ. ചാത്തുണ്ണിയുടേയും ശ്രീമതി കുറുമ്പയുടേയും മകനായി 1896 ഫിബ്രവരി 25-ാം തിയ്യതി ജനിച്ചു. നാട്ടിലെ ആദ്യത്തെ ബിരുദധാരിയും നിയമവകുപ്പിലെ ഉദ്യോഗസ്ഥനുമായിരുന്നു അദ്ദേഹം. നാലാംതരംവരെ പാപ്പിനിവട്ടം എലിമെന്ററി സ്‌കൂളിലും ഹൈസ്‌കൂൾ വിദ്യാഭ്യാസം കൊടുങ്ങല്ലൂർ ബോയ്‌സ് ഹൈസ്‌കൂളിലുമായിരുന്നു. പാലക്കാട് വിക്‌ടോറിയ കോളേജിൽനിന്ന് ഇന്റർമീഡിയറ്റ് പാസായി. സാമ്പത്തിക പരാധീനതകൾ കാരണം തുടർന്ന് പഠിക്കുവാൻ കഴിയാതെ വന്നതിനാൽ കോഴിക്കോട് ഹജൂരാപ്പീസിൽ ഗുമസ്തനായി ജോലിയിൽ ചേർന്നു. പിന്നീട് ലീവെടുത്ത് മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിൽ ചേർന്ന് പഠിച്ച് ബി.എ പാസായി. ഒരു ഗുമസ്തനായി ജോലിയിൽ ചേർന്ന എ.സി. ഗോവിന്ദൻ റേഷനിങ്ങ് ഇൻസ്‌പെക്ടർ, സപ്ലൈ ആഫീസർ, റവന്യൂ ഇൻസ്‌പെക്ടർ എന്നിങ്ങനെ പടിപടിയായി ഉയർന്ന് സബ് മജിസ്‌ട്രേട്ടായിട്ടാണ് 1951 ഫെബ്രുവരി 25ന് വിരമിച്ചത്. കുറച്ചുകാലം ലക്ഷദ്വീപിലും ജോലിയെടുത്തിട്ടുണ്ട്. ഉദ്യോഗസംബന്ധമായി പല സ്ഥലങ്ങളിലും താമസിച്ചിരുന്നെങ്കിലും അവസാനം കോഴിക്കോട് വീട് പണിത് താമസിക്കുകയായിരുന്നു. 1939 ൽ പണി പൂർത്തിയാക്കിയ ‘പുഷ്പവിലാസം’ എന്ന് പേരിട്ട ആ വീട് ഇന്നും അതുപോലെ നിലനിൽക്കുന്നു. ശ്രീ. എ.സി. ഗോവിന്ദൻ കവിതകളും കഥകളുമെല്ലാം എഴുതുമായിരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധീകൃതമായ പുസ്തകങ്ങൾ ഒമ്പതെണ്ണമുണ്ട്. ‘കുട്ടികളുടെ നാരായണഗുരു’ എന്നപേരിൽ ഒരു പുസ്തകം എഴുതിയിരുന്നുവെങ്കിലും പ്രസിദ്ധീകരിച്ചിട്ടില്ല. വിചാരവീഥി, സമ്പൽസമൃദ്ധി, വിദ്യാർത്ഥി എന്നീ പുസ്തകങ്ങൾ മലബാറിലേയും കൊച്ചിയിലേയും ഹൈസ്‌കൂളുകളിൽ മലയാളം ഉപപാഠപുസ്തകമായി പഠിപ്പിച്ചിരുന്നതാണ്. ശ്രീ. രാമവർമ്മ അപ്പൻ തമ്പുരാനും, ഉള്ളൂർ എസ്. പരമേശ്വരയ്യരും മറ്റും ഈ പുസ്തകങ്ങളെപ്പറ്റി അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. തൃശൂർ ജില്ലയിൽ പെരിഞ്ഞനത്തുള്ള പുരാതന തറവാടായ വലിയപറമ്പിൽ കൃഷ്ണന്റെ മകൾ രുദ്രാണിയായിരുന്നു ഭാര്യ. ആറ് ആണും അഞ്ച് പെണ്ണുമടക്കം പതിനൊന്ന് മക്കളായിരുന്നു. എല്ലാ മക്കളേയും നല്ല നിലയിൽ പഠിപ്പിക്കുവാനും അവരെല്ലാം ഉയർന്ന ഉദ്യോഗങ്ങളിൽ പ്രവേശിക്കുന്നത് കാണാനും എ.സി. ഗോവിന്ദന് ഭാഗ്യമുണ്ടായിട്ടുണ്ട്. തികഞ്ഞ ശ്രീനാരായണ ഭക്തനായിരുന്നു. തന്റെ എല്ലാ ഉന്നതിക്കും കാരണം അതാണെന്ന് അടിയുറച്ച് വിശ്വസിച്ചിരുന്നു. കൊല്ലത്തിൽ ഒരിക്കൽ സ്വാമികൾ കൊടുങ്ങല്ലൂരെത്തി അരയംപറമ്പിലെ വീടുകൾ സന്ദർശിക്കാറും ആതിഥ്യം സ്വീകരിക്കാറുമുണ്ടായിരുന്നുവത്രെ. ആ സമയത്ത് സ്വാമികളെ കാണാനും നമസ്‌ക്കരിക്കാനുമുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. 1965 ഒക്‌ടോബർ 10നാണ് ശ്രീ. എ.സി. ഗോവിന്ദൻ അന്തരിച്ചത്. 1951-52ൽ ഭാരതത്തിലെ വിവിധ ഭാഷകളിലെ പ്രശസ്തരായ എഴുത്തുകാരുടെ ഒരു ‘Who is Who’ പ്രസിദ്ധീകരിച്ചതിലും 1956-57ലെ കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ പട്ടികയിലും ദക്ഷിണ ഭാഷാഗ്രന്ഥമണ്ഡലം 1961ൽ പ്രസിദ്ധീകരിച്ച ‘Who is Who’ വിലും അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വന്തം നാട്ടിൽ പ്രസിദ്ധീകരിച്ച കൊടുങ്ങല്ലൂർ ഡയറക്ടറിയിലും അദ്ദേഹത്തെപ്പറ്റി എഴുതിയിട്ടുണ്ട്. ശ്രീ. തിക്കോടിയന്റെ ‘അരങ്ങുകാണാത്ത നടൻ’ എന്ന ഗ്രന്ഥത്തിൽ ശ്രീ. എ.സി. ഗോവിന്ദനെക്കുറിച്ച് എടുത്തു പറയുന്നുണ്ട്. ഒരു ആത്മകഥ അദ്ദേഹം എഴുതിയിരുന്നുവെങ്കിലും അത് പൂർത്തിയാക്കുന്നതിനു മുമ്പെ ദിവംഗതനായി. മക്കൾ: Late എ.ജി. വാസവൻ (ഡയറക്ടർ ഓഫ് ഫിഷറീസ്), Late എ.ജി. ഗോപിനാഥ് (ഗ്വാളിയോർ റയോൺസ്, മാവൂർ), Late എ.ജി. സോമനാഥൻ (എഞ്ചിനീയർ) Dr. എ.ജി. പ്രേമചന്ദ്രൻ, ലണ്ടൻ, Late എ.ജി. മോഹൻദാസ്, Late രാഗിണി ലോഹിതദാക്ഷൻ, പവിഴം ഗോപാലകൃഷ്ണൻ (റിട്ട. പ്രിൻസിപ്പാൾ, ജി.എഫ്.വി.എച്ച്.എസ്.എസ്. കൈപ്പമംഗലം), Late രത്‌നം രവീന്ദ്രൻ (റിട്ട. അധ്യാപിക), Late എ.ജി. സുഗതൻ (ഗ്വാളിയോർ റയോൺസ്, മാവൂർ), വിജയം അരവിന്ദാക്ഷൻ (റിട്ട. ജോയിന്റ് ഡയറക്ടർ ഓഫ് ഫിഷറീസ്) ഗീത ഫൽഗുനൻ (റിട്ട. പ്രിൻസിപ്പാൾ, ഹയർ സെക്കന്ററി സ്‌കൂൾ, കുന്ദമംഗലം) ഗ്രന്ഥകർത്താവിന്റെ കൃതികൾ വിചാരവീഥി (1929), സമ്പത്സമൃദ്ധി (1931), വിദ്യാർത്ഥി (1934), വല്ലരി (1938), ജീവിതവിജയം (1949), നിത്യജീവിതം (1951), ജീവിതശത്രുക്കൾ (1952), മുഖപരിചയം (1959), കുട്ടികളുടെ ആശാൻ (1964), കുട്ടികളുടെ ശ്രീ നാരായണ ഗുരു.