കാസർകോട് ജില്ലയിലെ ബാര ഗ്രാമത്തിൽ ജനനം. ജന്തുശാസ്ത്രത്തിൽ ബിരുദം. മലയാളത്തിൽ എം.എ., എം.ഫിൽ ബിരുദങ്ങൾ റാങ്കുകളോടെ നേടി. കഥയിലെ കാലസങ്കല്പം എന്ന വിഷയത്തിൽ ഡോക്ടറേറ്റ്. 1987 മുതൽ കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ അധ്യാപകൻ. 2019 ൽ വിരമിച്ചു. കാരൂർ, ഇടശ്ശേരി, ചെറുകാട്, അബുദാബി ശക്തി, കോവിലൻ, മലയാറ്റൂർ പ്രൈസ്, കേളി തുടങ്ങി 27 അവാർഡുകൾ നേടി. ‘കയ്യൊപ്പ്’ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതി. ‘പൊലിയന്ദ്രം’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു. ‘കൊമേർഷ്യൽ ബ്രെയ്ക്കി’ന് മികച്ച ചെറുകഥയ്ക്കുള്ള കേരള സർക്കാരിന്റെ ടെലിവിഷൻ അവാർഡ് 2002-ൽ ലഭിച്ചു. കേരളത്തിലെ മികച്ച കോളേജ് അധ്യാപകനുള്ള അവാർഡ് രണ്ടു തവണ ലഭിച്ചു. നെഹ്രു കോളേജിൽ സാഹിത്യവേദി തുടങ്ങി. 33 വർഷം സാഹിത്യവേദിയുടെ പ്രസിഡന്റായിരുന്നു. എൻഡോസൾഫാൻ ഭവനപദ്ധതിക്ക് നേതൃത്വം നൽകി. രണ്ടു ദശകക്കാലമായി എൻഡോസൾഫാൻ വിരുദ്ധ സമരനേതൃത്വത്തിൽ പ്രവർത്തിക്കുന്നു.