1949 ൽ ജനനം. മാത്തമാറ്റിക്‌സി്ൽ ബിരുദം നേടിയതിനുശേഷം പിതാവ് തുടങ്ങിവെച്ച പ്രകാശ് സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തിന്റെ ചുമതലയേറ്റെടുത്തു. തുടർന്ന് പ്രൈവറ്റായി പഠിച്ച് ഇംഗ്ലീഷ് സാഹിത്യത്തിൽ എം എ ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദം, സാഹിത്യത്തിൽ ഡോക്ടറേറ്റ് എന്നിവ നേടി. വിദ്യാഭ്യാസ കാലഘട്ടം മുതൽ പൊതുപ്രവർത്തനരംഗത്തും സാഹിത്യരംഗത്തും കാലെടുത്തുവെച്ചു. അനേകം ലേഖനങ്ങളും ചെറുകഥകളും കവിതകളും ആനുകാലിക പ്രസിദ്ധീകരണങ്ങളിൽകൂടി പുറത്തുവന്നിട്ടുണ്ട്. തൃശൂരിൽ പല വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെയും മേധാവിയായി പ്രവർത്തനം തുടരുന്നു. വ്യാപാരി വ്യവസായി പ്രസ്ഥാനത്തിന്റെ ആശയങ്ങൾ ജനമദ്ധ്യത്തിലേക്കെത്തിക്കുന്നതിനു തുലിക ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ജയപ്രകാശ്, സംഘടനയുടെ യുവജനവിഭാഗത്തിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്നു. 1984ലെ പൊതുതിരഞ്ഞെടുപ്പിൽ തൃശ്ശൂർ ലോകസഭാമണ്ഡലത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. സംഘടനയുടെ തൃശ്ശൂർ ജില്ലാ പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡണ്ട്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ പദവികൾ അലങ്കരിച്ച ജയപ്രകാശ്, ഇപ്പോൾ അഖിലേന്ത്യാ സംഘടനയായ ഭാരതീയ ഉദ്യോഗ് വ്യാപാർ മണ്ഡലിന്റെ ദേശീയ സെക്രട്ടറിയാണ്. പുരസ്‌കാരങ്ങൾ: 1999ലെ മികച്ച സംഘാടകനുള്ള സി.എം. ജോർജ്ജ് അവാർഡ്, 2004ലെ സൂര്യ ടി.വി.യുടെ ഓൾ കേരള എക്‌സലൻസ് അവാർഡ്, 2006ലെ തൃശ്ശൂർ പൗരാവലിയുടെ മികച്ച സാംസ്‌കാരിക പ്രതിഭയ്ക്കുള്ള അവാർഡ്, 2007ലെ തൃശൂർ പൗരാവലിയുടെ മികച്ച സാസ്‌കാരിക പ്രതിഭയ്ക്കുള്ള അവാർഡ്, 2015ലെ യു.കെ.യിലെ ആത്മ ഇന്‌റർനാഷണലിന്റെ നാഷണൽ എക്‌സലൻസ് അവാർഡ്, 2016ലെ കോലാറിലെ ഗിവിംഗ് ഹാന്‌റ്‌സ് ഫൗണ്ടേഷന്റെ ലൈഫ് ടൈം അച്ചീവ്‌മെന്‌റ് അവാർഡ്, 2016ലെ കൽക്കത്തയിലെ സിസ്റ്റർ മാർഗരറ്റ് ഫൗണ്ടേഷന്റെ സ്വാമി വിവേകാനന്ദ അവാർഡ്, 2017ലെ ഹിന്ദു എക്കണോമിക് ഫോറത്തിന്റെ നവരത്‌ന അവാർഡ്. കൃതികൾ: ഓർമ്മയുടെ ഓളങ്ങളിൽ, സമരപുളകങ്ങൾ, ഹൃദയാഞ്ജലി, ജാലകം തുറന്നാൽ, സ്മരണകളിരമ്പുന്നു, എന്റെ ആൽബത്തിൽ എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.