ആഗോളസമ്പദ്ഘടനയും സാമ്പ്രദായിക വികസനമാതൃകകളും ലോകത്തിലെ പല പുരാതന സംസ്കൃതികൾക്കും കൃഷിക്കും വരുത്തിക്കൊണ്ടിരിക്കുന്ന വിപത്തിനെക്കുറിച്ച് വർഷങ്ങൾക്കു മുൻപേ മനസ്സിലാക്കുകയും മുന്നറിയിപ്പുകൾ നൽകുകയും ചെയ്ത ധിഷണാശാലി. അതിനുള്ള പ്രതിവിധിയെന്ന നിലയിൽ കരുതപ്പെടാവുന്ന പ്രാദേശികവത്കരണ പ്രസ്ഥാനത്തിന്റെ പ്രധാന വക്താക്കളിലൊരാളും പ്രതിവികസന (counter-development) മാതൃകയുടെ ആവിഷ്കർത്താവുമാണ് ഹെലേന. ഇന്നത്തെ സാമൂഹികവും പാരിസ്ഥിതികവുമായ പ്രതിസന്ധികളുടെ മൂലകാരണങ്ങളെക്കുറിച്ച് പഠനം നടത്തിവരുന്ന Local Futures / International Society for Ecology and Culture എന്ന സംഘടനയുടെ സ്ഥാപക-ഡയറക്ടർ. സ്വീഡനിൽ ജനിച്ച് ഭാഷാശാസ്ത്രത്തിൽ വൈദഗ്ദ്ധ്യം നേടിയ ഹെലേന ജോലിസംബന്ധമായി 1976-ൽ ലഡാക്കിലെത്തുകയും തുടർന്ന് ആഗോളവത്കരണവും ആധുനികവികസനവും അവിടുത്തെ ജനങ്ങളിലും സംസ്കാരത്തിലും സൃഷ്ടിക്കുന്ന വിനാശകരമായ അനന്തരഫലങ്ങളെ അനുഭവത്തിലൂടെ നേരിട്ട് മനസ്സിലാക്കുകയും ചെയ്തു, പിന്നീട് ആ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ Ancient Futures എന്ന പുസ്തകം രചിച്ചു. ടൂറിസവും വികസനവും ഏൽപ്പിച്ച ആഘാതങ്ങളിൽ നിന്ന് ലഡാക്കിലെ ജനങ്ങളുടെ സംസ്കാരികപൈതൃകത്തെയും മൂല്യങ്ങളെയും സംരക്ഷിച്ചതിന് 1986-ൽ Alternative Nobel Prize എന്ന പേരിൽ അറിയപ്പെടുന്ന Right to Livelihood Award നൽകപ്പെട്ടു. The Economics of Happiness എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ നിർമ്മാതാവും സഹ-സംവിധായികയുമാണ് ഹെലേന.