കോഴിക്കോട് നഗരത്തിൽ 1946ൽ ജനനം. കോഴിക്കോട് സെന്റ് ജോസഫസ് ഹൈസ്‌കൂളിൽ സെക്കൻഡറി വിദ്യാഭ്യാസം. 1967ൽ മലബാർ ക്രിസ്ത്യൻ കോളേജിൽനിന്നും സുവോളജിയിൽ ബിരുദം നേടി. പിന്നീട് വിദൂരപഠനത്തിലൂടെ ബിസിനസ് മാനേജ്‌മെന്റിലും, പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദങ്ങളും മാനേജ്‌മെന്റ് അനുബന്ധ വിഷയങ്ങളിൽ ബിരുദാനന്തര ഡിപ്ലോമകളും നേടി. 1969ൽ കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയിൽ ഇന്റലിജൻസ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. 16 വർഷത്തെ സേവന ത്തിനുശേഷം ഇന്റലിജൻസ് ബ്യൂറോ വിട്ട് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷൂറൻസ് കോർപ്പറേഷനിൽ അസിസ്റ്റന്റ് ഡയറക്ടർ, ഇന്ത്യൻ ഓവർസീസ് ബാങ്ക് വിജിലൻസ് ഓഫീസർ, റീജ്യണൽ റൂറൽ ബാങ്ക് ജനറൽ മാനേജർ എന്നീ തസ്തികകളിൽ ജോലി നോക്കി. 2005ൽ സർക്കാർ സർവീസിൽനിന്ന് വിരമിച്ചതിനുശേഷം പല മാനേജ്‌മെന്റ് കോളേജുകളിലും വിസിറ്റിംഗ് പ്രൊഫസറും മനുഷ്യ വിഭവശേഷി പരിശീലകനുമായി ജോലി ചെയ്തുവരുന്നു. മാനേജ്‌മെന്റ്, വിജിലൻസ്, ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് തുടങ്ങിയ വിഷയങ്ങളിൽ, ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.