കണ്ണൂർ ജില്ലയിൽ, ചൊക്ലി പഞ്ചായത്തിലെ നിടുമ്പ്രം സ്വദേശി. പെരിയാണ്ടി എൽ. പി സ്‌കൂൾ, കാരാറത്ത് യു. പി, രാമവിലാസം എച്ച്. എസ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്നും പ്രീഡിഗ്രി പാസായി. തുടർന്ന് ചെങ്ങന്നൂർ, അങ്ങാടിക്കൽ എസ്. സി. ആർ. വി. ബി. ടി. എസ്ൽ നിന്ന് അധ്യാപക പരിശീലനം നേടി. തലശ്ശേരി സൗത്ത് സബ്ബ് ജില്ലയിലെ പുന്നോൽ എൽ. പി. സ്‌കൂളിൽ നിന്ന് ഹെഡ്‌മാസ്റ്റരായി വിരമിച്ചു. കുട്ടികൾക്ക് വേണ്ടി പാഠഭാഗങ്ങൾ നാടക രൂപത്തിലാക്കി സംവിധാനം ചെയ്ത് അവതരിപ്പിച്ചു വരുന്നു. ഇന്ത്യൻ ക്ലാസിക് കൃതിയായ ബംഗാളി നോവൽ, താരാ ശങ്കർ ബന്ദോപാദ്ധ്യയുടെ ‘ആരോഗ്യ നികേതനം’' നാടകരൂപത്തിലാക്കിയിട്ടുണ്ട്. വിക്ടോർ യൂഗോവിന്റെ ‘പാവങ്ങൾ’ നോവലിനെ അടിസ്ഥാനമാക്കി ‘ഴാങ്ങ് വാൽ ഴാങ്ങ്’ എന്ന ഏകപാത്ര നാടകം എഴുതിയിട്ടുണ്ട്. പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്ന ആദ്യ കൃതിയാണ് ‘ചരിത്ര നിയോഗം’.