ബിരുദാനന്തരം ഇന്ത്യൻ റെയിൽവേയുടെ റെയിൽകോച്ചുകൾ നിർമ്മിക്കുന്ന ഇന്റഗ്രൽ കോച്ചുഫാക്ടറിയിലായിരുന്നു മുപ്പത്തിനാലുവർഷം നീണ്ടുനിന്ന ഔദ്യോഗിക ജീവിതം. റെയിൽവേയുടെ റിസേർച്ച് സംവിധാനമായ 'റിസർച്ച് ഡിസൈൻ ആന്റ് സ്റ്റാൻഡാർഡ് ഓർഗനൈസേഷൻ' നോടു ചേർന്നുള്ള ഗുണനിലവാര നിയന്ത്രണ വിഭാഗത്തിലായിരുന്നതിനാൽ അതിനനുസരണമായിട്ടുള്ള ശാസ്ത്രസാങ്കേതിക മികവിനനുയോജ്യമായ ബിരുദാനന്തരബിരുദം മദ്രാസ് IITയിൽ നടന്ന IIM പരീക്ഷയിലൂടെ നേടിയെടുത്തു. റെയിൽകോച്ചുകളുടെ നിർമ്മാണത്തിലെ മുഖ്യഘടകമായ വിളക്കൽ പ്രക്രിയയെ കുറ്റമറ്റതാക്കാൻ സാങ്കേതിക നിർദ്ദേശങ്ങളടങ്ങുന്ന പുസ്തകം തയ്യാറാക്കി നൽകി. നിർമ്മാണ പ്രവർത്തനത്തിന്റെ മേൽനോട്ടക്കാരായി നിയമിക്കപ്പെടുന്ന എഞ്ചിനീയറന്മാർക്ക് പരിശീലനകാലത്ത് ലോഹശാസ്ത്രത്തെക്കുറിച്ചുള്ള അറിവുപകരാൻ ക്ലാസ്സുകൾ പതിവായി എടുത്തു. ഉരുക്കു തകിടുകളും പാളികളും കൊണ്ടു നിർമ്മിക്കപ്പെടുന്ന റെയിൽകോച്ചുകളെ തുരുമ്പിന്റെ ആക്രമണത്തിൽനിന്നും രക്ഷപെടുത്താൻ നവീന മാർഗ്ഗങ്ങൾ ഏർപ്പെടുത്താനുള്ള പരീക്ഷണങ്ങൾ വിജയകരമായി പൂർത്തീകരിച്ചു നടപ്പിൽ വരുത്തുന്നതിൽ സജീവമായി പ്രവർത്തിച്ചു. ലോഹശാസ്ത്ര വിഭാഗത്തിന്റെ ഉപതലവനായി 1997-ൽ വിരമിച്ചു . റെയിൽവേയ്ക്കു നൽകിയ സേവനങ്ങളെ അംഗീകരിച്ച് പ്രത്യേക റെയിൽവേ പുരസ്‌കാരം ലഭിച്ചു. വിരമിച്ച് 22 വർഷങ്ങൾക്കുശേഷം ഇന്റഗ്രൽ കോച്ചുഫാക്ടറിയുടെ 60-ാം പിറന്നാൾ ആഘോഷത്തിന്റേതായ പ്രത്യേക പ്രസിദ്ധീകരണത്തിൽ സേവനകാലത്തെ അനുഭവങ്ങളുടെ ഓർമ്മക്കുറിപ്പുകൾ ലേഖനമായി കൊടുക്കാൻ ആവശ്യപ്പെടുകയും ഒരു മാറ്റവും വരുത്താതെ ഉൾപ്പെടുത്തുകയും ചെയ്തു. ഔദ്യോഗിക ജീവിതത്തോടൊപ്പം ആരംഭം മുതൽ തന്നെ സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. ഇന്നും തുടരുന്നു. രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ സംബന്ധികളായ ഒട്ടനവധി ലേഖനങ്ങൾ ചെന്നൈയിൽ നിന്നുള്ള പ്രസിദ്ധീകരണങ്ങളിൽ എഴുതുകയും ഒട്ടനേകം പ്രസിദ്ധീകരണങ്ങളെ പ്രകാശനത്തിനൊരുക്കാൻ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.