Prasad Kaithakkal
Writerകോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത കൈതക്കലിലാണ് ജനിച്ചതും വളർന്നതും. ഇപ്പോൾ ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ കന്നൂരിലാണ് താമസം. കുട്ടികളുടെ ശാസ്ത്രമാസികയായ യുറീക്കയിൽ എഴുതാറുണ്ട്. ബാലസംഘം, ഡിവൈഎഫ്ഐ, ശാസ്ത്രസാഹിത്യ പരിഷത്ത്, സിപിഐഎം, പുരോഗമന കലാസാഹിത്യ സംഘം തുടങ്ങിയ സംഘടനകളിലെ പ്രവർത്തകനായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പൊതുപ്രവർത്തനരംഗത്ത് ഇപ്പോഴും സജീവമായുണ്ട്. ശാസ്ത്രപ്രചാരണമാണ് മുഖ്യമായ പ്രവർത്തനമേഖല. മാജിക്കും ശാസ്ത്രപരീക്ഷണങ്ങളും ഉൾപ്പെടുത്തി, അന്ധവിശ്വാസങ്ങൾക്കെതിരെ രണ്ടായിരത്തിനടുത്ത് വേദികളിൽ 'സയൻസ് മിറാക്കിൾ ഷോ' അവതരിപ്പിച്ചിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്തിൽ നിന്നും ആശയമുൾക്കൊണ്ട് സ്വാശ്രയ ഉൽപ്പന്നങ്ങളുടെ നിർമ്മാണപരിശീലനത്തിനും ഉൽപ്പാദനത്തിനും പ്രചാരണത്തിനും വേണ്ടി 'സ്വാശ്രയബോധനകേന്ദ്രം' എന്ന സംഘടനരൂപീകരിക്കുകയും നൂറുകണക്കിന് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു. പ്രാദേശിക ഉൽപ്പന്നങ്ങളുടെ നിർമ്മാണം, വിപണനം എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് കുടുംബശ്രീ വഴി നടപ്പിലാക്കിവരുന്ന ഹോംഷോപ്പ് പദ്ധതി എന്ന ആശയം പ്രസാദും സംഘവും രൂപപ്പെടുത്തിയതാണ്. പദ്ധതിയുടെ കോഴിക്കോട് ജില്ലയിലെ പ്രധാന നടത്തിപ്പുകാരനുമാണ്. ഇപ്പോൾ കോഴിക്കോട് ജില്ലയിൽ മാത്രം ആയിരത്തിയഞ്ഞൂറിനടുത്ത് വനിതകൾക്ക് സ്ഥിരവരുമാനമുറപ്പുവരുത്തുന്ന ബൃഹത്പദ്ധതിയായി ഹോംഷോപ്പ് പദ്ധതി മാറിക്കഴിഞ്ഞു.