Dr. T.N. Vasudevan
Writer, Teacher1946 ജൂലൈ 4 ന് തൃശ്ശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവിൽ ജനിച്ചു. വെളപ്പായ സ്കൂൾ, തിരൂർ സെന്റ് തോമസ് ഹൈസ്കൂൾ, തൃശൂർ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. 1974 ൽ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നും ക്രിസ്റ്റലോഗ്രാഫിയിൽ ഗവേഷണം പൂർത്തിയാക്കി. റിസർച്ച് ഗൈഡ് ആയിരുന്ന പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ. ആർ.എസ്. കൃഷ്ണനോടൊപ്പം ക്രിസ്റ്റലോഗ്രാഫിയിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1977 ൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഫിസിക്സ് വിഭാഗത്തിൽ അധ്യാപകനായി സേവനം ആരംഭിച്ചു. 2007 ൽ വിരമിച്ചു. ക്വാണ്ടം മെക്കാനിക്സ്, ക്ലാസിക്കൽ മെക്കാനിക്സ്, ഗ്രൂപ്പ് തിയറി, സോളിഡ് സ്റ്റേറ്റ് ഫിസിക്സ് എന്നീ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ ക്ലാസുകൾ പല തലമുറകളിലെ വിദ്യാർത്ഥികളെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുകയുണ്ടായി. അധ്യാപകനെന്നപോലെ, പാരമ്പര്യ ക്ഷേത്രകലാരൂപമായ അയ്യപ്പൻ തിയ്യാട്ട് കലാകാരനുമായിരുന്നു ഡോ.ടി.എൻ.വാസുദേവൻ. കൃഷ്ണനാട്ടം, കഥകളി മുതലായ കേരളീയ രംഗകലകളിലും കേരളീയ വാദ്യകലകളിലും കർണ്ണാടക-ഹിന്ദുസ്ഥാനി-കേരളീയ സംഗീതശാഖകളിലും അഗാധമായ ജ്ഞാനമുണ്ടായിരുന്നു അദ്ദേഹത്തിന്. വാദ്യസംഗീത്തിൽ അനേകം സോദാഹരണ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. കേരളത്തിലെ താള-വാദ്യ പദ്ധതിയെക്കുറിച്ച് കലാമണ്ഡലത്തിൽ ക്ലാസുകൾ എടുത്തിട്ടുണ്ട്. സംസ്ഥാന സർക്കാർ നൽകിവരുന്ന വാദ്യകലാപുരസ്കാരമായ പല്ലാവൂർ പുരസ്കാര നിർണ്ണയ സമിതിയിൽ ചെയർമാനായും അംഗമായും ആറുവർഷങ്ങൾ പ്രവർത്തിക്കുകയുണ്ടായി. കാലടി പഞ്ചവാദ്യ ആസ്വാദക സംഘത്തിന്റെ വെങ്കിച്ചൻസ്വാമി പുരസ്കാരം നേടിയിട്ടുണ്ട്. എൽ.എസ്.രാജഗോപാലൻ രചിച്ച് കേന്ദ്രസാഹിത്യഅക്കാദമി പ്രസിദ്ധീകരിച്ച 'കേരളത്തിലെ ക്ഷേത്രവാദ്യങ്ങൾ' എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ തയ്യാറാക്കിയത് ഡോ. ടി.എൻ. വാസുദേവൻ ആയിരുന്നു. മലയാള സാഹിത്യത്തിലും ഇന്ത്യൻ സാഹിത്യത്തിലും പാശ്ചാത്യ സാഹിത്യത്തിലുമുള്ള ക്ലാസിക് ഗ്രന്ഥങ്ങളുടെ ഒരു വലിയ ശേഖരം അദ്ദേഹത്തിനുണ്ട്. ഫിസിക്സിന്റെ ചരിത്രവും ദർശനവും പോലതന്നെ അദ്ദേഹത്തിനു പ്രിയപ്പെട്ടതായിരുന്നു ക്ലാസിക് സാഹിത്യ കൃതികൾ. 2021 ഓഗസ്റ്റ് 2 ന് മുളങ്കുന്നത്തുകാവിൽ അന്തരിച്ചു.