close

Book Details

Pathalakkarandi

Availability: Not available

ISBN: 978-93-91006-23-5

Author: Prem chand

Language: malayalam

Format: Paperback

₹290 ₹299
Qty

ഓർമ്മയുടെ പാതാളങ്ങളിൽ അടക്കം ചെയ്ത 'പണ്ടോറയുടെ പെട്ടികൾ' ഓരോരുത്തർക്കുമുണ്ടാകും. അതുപോലെ ഓരോ ചരിത്രകാലത്തിലുമുണ്ടാകും കുഴിച്ചുമൂടപ്പെട്ട ഓർമ്മജീവിതങ്ങളുടെ ആരാലും കേൾക്കപ്പെടാത്ത വേദനകൾ. ഓർമ്മപ്പെടൽ ഒരന്ധസാധ്യതയാണ്. തെളിയാം, തെളിയാതിരിക്കാം. കൂട്ടമറവിയുടെ പ്രളയജലത്തിൽ ഓർമ്മ നിലനിർത്താനുള്ള ഒരു മുങ്ങിത്തപ്പലാണ് ഇതിനിടയിലെ ജീവിതം. പിന്നിട്ട നൂറ്റാണ്ടിന്റെ വിസ്മൃതദേശങ്ങളിലൂടെ ഒരു വ്യക്തിയുടെ, കുടുംബത്തിന്റെ യാത്രയാണ് 'പാതാളക്കരണ്ടി'. അമ്പതുകളിൽ കമ്മ്യൂണിസ്റ്റ് വസന്തം സ്വപ്നം കണ്ട കോഴിക്കോട്ടെ 'മോസ്‌കോ' മുതൽ ലോകഭൂപടം മാറ്റി വരച്ച്, പതിറ്റാണ്ടുകളുടെ ഇരുമ്പുറക്കുള്ളിൽ നിന്നും പുറത്തു വന്ന പുതിയ 'സെന്റ് പീറ്റേഴ്‌സ് ബർഗ്ഗ് ' വരെ നീളുന്ന ഒരു രാഷ്ട്രീയ യാത്ര. പ്രേംചന്ദിന്റെ ആദ്യ നോവൽ. സച്ചിദാനന്ദന്റെ അവതാരിക. ഡോ.ടി.കെ. രാമചന്ദ്രന്റെ മുന്നറിയിപ്പ്.

Author Details

Prem chand

Writer

ഗതകാലത്തിന്റെ സെൽഫി കൃത്യമായി ഒപ്പിയെടുക്കുന്ന ഒരു ക്യാമറ ഉള്ളതായി അറിയില്ല. പിന്നെ ആണ്ടി വലിയ അടിക്കാനാണെന്ന് ആണ്ടി തന്നെ പറയുന്ന ഒരു പഴയ കോഴിക്കോടൻ രീതിയാണ്. അതനുസരിച്ച് കോഴിക്കോട്ട് പടിഞ്ഞാറെ നടക്കാവിൽ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന പൊറ്റങ്ങാടി ചന്തുവിന്റെയും തിരുവണ്ണൂരിലെ ഇത്തിൾക്കണ്ടി തുളസിയുടെയും രണ്ടാമത്തെ മകൻ. കിഷൻചന്ദും നവീൻചന്ദുമാണ് സഹോദരങ്ങൾ. അടിയന്തരാവസ്ഥക്ക് ശേഷമുള്ള കാമ്പസിന്റെ സന്തതികളിലൊരാൾ. അക്കാലത്തിന്റെ നാടക, സാംസ്കാരിക, ഫിലീം സൊസൈറ്റി പ്രവർത്തകൻ. ആ ഉണർച്ചയിൽ കുറച്ചു കാലം കത്തിയ വിപ്ലവ വിദ്യാർത്ഥി സംഘടനയുടെയും സാംസ്കാരിക വേദിയുടെയുമൊക്കെ ഒരു ചെറിയ പ്രവർത്തകൻ. അതിന്റെ പതനത്തിന് ശേഷം ടി.എൻ. ജോയിയും ടി.കെ. രാമചന്ദ്രനും കോ-ഓഡിനേറ്റർമാരായി രൂപം കൊണ്ട സൊസൈറ്റി ഫോർ സോഷ്യലിസ്റ്റ് സ്റ്റഡീസിന്റെയും അന്റോണിയോ ഗ്രാംഷി ഇൻസ്റ്റിറ്റൂട്ടിന്റെയും അംഗം. 1986 - 2021 കാലത്ത് മാതൃഭൂമിയിൽ മാധ്യമ പ്രവർത്തകൻ. മൂന്നരപ്പതിറ്റാണ്ടിൽ താരാപഥം ഫിലീം പേജിന്റയും ഇന്റർനെറ്റ് എഡിഷന്റെയും ചിത്രഭൂമിയുടെയും കോട്ടയം ന്യൂസ്ബ്യൂറോയുടെയും എഡിറ്റ് പേജിന്റെയും എൻ.ആർ.ഇ. എഡീഷനുകളുടെയും ചുമതലകൾ വഹിച്ചു. നിരന്തര ഫിലീം ഫെസ്റ്റിവൽ യാത്രികൻ. 2001 മുതൽ അന്താരാഷ്ട്ര ഫിലീം ക്രിട്ടിക്സ് അസോസിയേഷൻ (ഫിപ്രസി ) അംഗം. ബാംഗ്ലൂർ, തിരുവനന്തപുരം, ബുസാൻ അന്താരാഷ്ട്ര ഫിലീം ഫെസ്റ്റിവലുകളിൽ ഫിപ്രസി ജൂറിയായി. നെതർലാന്റ്, സ്പെയിൻ, ഫ്രാൻസ്, ദക്ഷിണ കൊറിയ, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. 35 വർഷത്തെ മാധ്യമജീവിതം പിന്നിട്ട് 2021 മെയ് മാസം മാതൃഭൂമിയിൽ നിന്നും വിരമിച്ച് ഭൂമിയിൽ പിച്ചവയ്ക്കുന്നു. സംവിധായകൻ ജോൺ എബ്രഹാമിന്റെ ഓർമ്മയെ ആസ്പദമായി സംവിധാനം ചെയ്യുന്ന ‘ജോൺ’ എന്ന സിനിമ പൂർത്തിയായിവരുന്നു. ഫെമിനിസ്റ്റ് ആക്ടിവിസ്റ്റും തിരക്കഥാകൃത്തും കോഴിക്കോട്‌ കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ ദീദിയാണ് ജീവിത പങ്കാളി. മകൾ മുക്തദീദിചന്ദ് ബാംഗ്ലൂരിൽ ഗവേഷക വിദ്യാർത്ഥിനിയും മരുമകൻ താജു പ്രേംചന്ദ് ബംഗ്ലൂരിൽ ഫെഡറൽ ബാങ്ക് മാനേജറുമാണ്. കാലത്തിലൂടെയുള്ള യാത്രകൾ തുടരുന്നു.