close

Authors

Author images

കോഴിക്കോട് കായണ്ണ സ്വദേശി (1965). കുളത്തുവയൽ സെന്റ് ജോർജ്ജ് ഹൈസ്‌കൂൾ, കോഴിക്കോട് ദേവഗിരി കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലയിലെ മലയാള-കേരളപഠനവിഭാഗം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മലയാളസാഹിത്യത്തിൽ രണ്ടാം റാങ്കോടെ ബി.എ., ഒന്നാം റാങ്കോടെ എം.എ. ബിരുദങ്ങൾ. ഡോ. ജി. ബാലസുബ്രഹ്മണ്യന്റെ മേൽനോട്ടത്തിൽ എം.ഫിൽ.-ന് സാമൂഹികഭാഷാശാസ്ത്രഗവേഷണം. ഡോ. ടി.ബി. വേണുഗോപാലപ്പണിക്കരുടെ മേൽനോട്ടത്തിൽ എം. ഗോവിന്ദന്റെ ധൈഷണികജീവിതത്തെ മുൻനിറുത്തി നടത്തിയ പഠനത്തിന് ഡോക്ടറൽ ബിരുദം. 2009-ൽ പുരോഗമനസാഹിത്യത്തിലെ ധൈഷണികധാരകളെ സംബന്ധിച്ച പഠനത്തിന് യു.ജി.സി. പോസ്റ്റ് ഡോക്ടറൽ റിസർച്ച് അവാർഡ്. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽനടന്ന സാഹിത്യസമീപനശില്പശാലയുടെ മുഖ്യസംഘാടകനായി പ്രവർത്തിച്ചു. അതിലവതരിപ്പിച്ച ചർച്ചാപ്രബന്ധങ്ങൾ എഡിറ്റു ചെയ്ത് ആധുനികാനന്തരസാഹിത്യസമീപനങ്ങൾ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തി. കേരളസാഹിത്യ അക്കാദമിയുടെ ഐ സി ചാക്കോ പുരസ്‌കാരം നേടിയ വാക്കിന്റെ സാമൂഹികശാസ്ത്രം, ചിഹ്നശാസ്ത്രവും ഘടനാവാദവും, അടവും തുറസ്സും, കവിതയും നവോത്ഥാനവും (വിവ. സോമനാഥൻ പി.യ്ക്കൊപ്പം), സമകാലികസാഹിത്യസിദ്ധാന്തങ്ങൾ (കെ.വി.തോമസ്സിനൊപ്പം), പുരോഗമനസാഹിതി, ഇംഗ്ലീഷാവിഷ്ടമായ മലയാളം, കുതിരക്കാൽ എന്നിവ പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ. സ്രഷ്ടാവിന്റെ പരമ്പരയിൽ ഒരാൾ, ആധുനികാനന്തരസാഹിത്യവിമർശനത്തിന് ഒരാമുഖം, ബാലാഭ്യസനം : പാഠവും പരിശോധനയും, അസാധാരണം എന്നീ കൃതികൾ പ്രസിദ്ധീകരണം കാക്കുന്നു. എം. ഗോവിന്ദന്റെ സമ്പൂർണ്ണലേഖനസമാഹാരമായ പുതിയ മനുഷ്യൻ പുതിയലോകം, എം ജി എസ് നാരായണന്റെ ആത്മകഥയായ ജാലകങ്ങൾ, പ്രബന്ധസമാഹാരമായ കവിത കമ്യൂണിസം വർഗ്ഗീയത എന്നിവയുടെയും എഡിറ്റർ. തൃശൂർ സെയ്ന്റ് തോമസ് കോളേജിൽ അദ്ധ്യാപകനായിരുന്നു. തുടർന്ന് കട്ടപ്പന, പേരാമ്പ്ര സി.കെ.ജി., എറണാകുളം മഹാരാജാസ്, കോഴിക്കോട് ആട്‌സ് ആന്റ് സയൻസ് എന്നീ ഗവൺമെന്റ് കോളേജുകളിൽ ജോലി ചെയ്തു. ഇപ്പോൾ കോഴിക്കോട് ബാലുശ്ശേരിയിലെ ഡോ. ബി. ആർ. അംബേദ്കർ മെമ്മോറിയൽ ഗവ. കോളേജിൽ അസോസിയറ്റ് പ്രൊഫസർ.

Books of Dr. C.J. George