close

Book Details

Jeeval Bhashayute Pusthakam

Availability: In stock

ISBN: 978-93-90535-07-1

Author: Dr. C.J. George

Language: malayalam

Format: Paperback

₹490 ₹499
Qty

Also available on:

  • flipkart

ഭാഷയെക്കുറിച്ചു പഠിച്ചും പറഞ്ഞും വിസ്തരിച്ചു പടർന്നുപോകുന്ന ഇരുപത്തൊന്നു പ്രബന്ധങ്ങൾ. ഭാഷാശാസ്ത്രവും വ്യാകരണവും ജീവിതവും കലർന്ന ഭാഷാവിചാരം ഭാവനയുടെ പിൻബലമുള്ള ആലോചനകളായി ഇവിടെ രൂപാന്തരപ്പെടുന്നു. ഭാഷ ചിന്തയുടെയും ഭാവനയുടെയും ഉപാധിയാണെന്നും ഭാഷകൾ സഹോദരങ്ങളാണെന്നും അറിയുന്ന സഞ്ചാരങ്ങൾ. ഭാഷ പ്രാണവായുപോലെ മനുഷ്യനെ പൊതിഞ്ഞുപുണർന്നുനിൽക്കുന്നതും ആനന്ദിപ്പിക്കുന്നതും വേദനിപ്പിക്കുന്നതും കാണുന്ന ഒരു ഭാവനാത്മകസമീപനത്തോടെ ഭാഷയുടെ അനുഭവതലങ്ങളിലേക്ക് പോകുന്ന കൂസലില്ലാത്ത പോക്കുകൾ. അതിൽ മൌലികതയുണ്ട്; സ്വതന്ത്രതയുണ്ട്; അരാജകമായ രാഷ്ട്രീയവും സൌന്ദര്യവുമുണ്ട്. ഭാഷയെയും ഭാഷാപഠനങ്ങളെയും സുന്ദരമായി അനുഭവിക്കാൻ ഈ ചിന്തകളുടെ സമാഹാരം പ്രേരിപ്പിക്കുന്നു.

Author Details

Dr. C.J. George

Writer, Teacher

കോഴിക്കോട് കായണ്ണ സ്വദേശി (1965). കുളത്തുവയൽ സെന്റ് ജോർജ്ജ് ഹൈസ്‌കൂൾ, കോഴിക്കോട് ദേവഗിരി കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലയിലെ മലയാള-കേരളപഠനവിഭാഗം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മലയാളസാഹിത്യത്തിൽ രണ്ടാം റാങ്കോടെ ബി.എ., ഒന്നാം റാങ്കോടെ എം.എ. ബിരുദങ്ങൾ. ഡോ. ജി. ബാലസുബ്രഹ്മണ്യന്റെ മേൽനോട്ടത്തിൽ എം.ഫിൽ.-ന് സാമൂഹികഭാഷാശാസ്ത്രഗവേഷണം. ഡോ. ടി.ബി. വേണുഗോപാലപ്പണിക്കരുടെ മേൽനോട്ടത്തിൽ എം. ഗോവിന്ദന്റെ ധൈഷണികജീവിതത്തെ മുൻനിറുത്തി നടത്തിയ പഠനത്തിന് ഡോക്ടറൽ ബിരുദം. 2009-ൽ പുരോഗമനസാഹിത്യത്തിലെ ധൈഷണികധാരകളെ സംബന്ധിച്ച പഠനത്തിന് യു.ജി.സി. പോസ്റ്റ് ഡോക്ടറൽ റിസർച്ച് അവാർഡ്. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽനടന്ന സാഹിത്യസമീപനശില്പശാലയുടെ മുഖ്യസംഘാടകനായി പ്രവർത്തിച്ചു. അതിലവതരിപ്പിച്ച ചർച്ചാപ്രബന്ധങ്ങൾ എഡിറ്റു ചെയ്ത് ആധുനികാനന്തരസാഹിത്യസമീപനങ്ങൾ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തി. കേരളസാഹിത്യ അക്കാദമിയുടെ ഐ സി ചാക്കോ പുരസ്‌കാരം നേടിയ വാക്കിന്റെ സാമൂഹികശാസ്ത്രം, ചിഹ്നശാസ്ത്രവും ഘടനാവാദവും, അടവും തുറസ്സും, കവിതയും നവോത്ഥാനവും (വിവ. സോമനാഥൻ പി.യ്ക്കൊപ്പം), സമകാലികസാഹിത്യസിദ്ധാന്തങ്ങൾ (കെ.വി.തോമസ്സിനൊപ്പം), പുരോഗമനസാഹിതി, ഇംഗ്ലീഷാവിഷ്ടമായ മലയാളം, കുതിരക്കാൽ എന്നിവ പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ. സ്രഷ്ടാവിന്റെ പരമ്പരയിൽ ഒരാൾ, ആധുനികാനന്തരസാഹിത്യവിമർശനത്തിന് ഒരാമുഖം, ബാലാഭ്യസനം : പാഠവും പരിശോധനയും, അസാധാരണം എന്നീ കൃതികൾ പ്രസിദ്ധീകരണം കാക്കുന്നു. എം. ഗോവിന്ദന്റെ സമ്പൂർണ്ണലേഖനസമാഹാരമായ പുതിയ മനുഷ്യൻ പുതിയലോകം, എം ജി എസ് നാരായണന്റെ ആത്മകഥയായ ജാലകങ്ങൾ, പ്രബന്ധസമാഹാരമായ കവിത കമ്യൂണിസം വർഗ്ഗീയത എന്നിവയുടെയും എഡിറ്റർ. തൃശൂർ സെയ്ന്റ് തോമസ് കോളേജിൽ അദ്ധ്യാപകനായിരുന്നു. തുടർന്ന് കട്ടപ്പന, പേരാമ്പ്ര സി.കെ.ജി., എറണാകുളം മഹാരാജാസ്, കോഴിക്കോട് ആട്‌സ് ആന്റ് സയൻസ് എന്നീ ഗവൺമെന്റ് കോളേജുകളിൽ ജോലി ചെയ്തു. ഇപ്പോൾ കോഴിക്കോട് ബാലുശ്ശേരിയിലെ ഡോ. ബി. ആർ. അംബേദ്കർ മെമ്മോറിയൽ ഗവ. കോളേജിൽ അസോസിയറ്റ് പ്രൊഫസർ.